ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സാവകാശഹർജി നൽകിയേക്കക്കുമെന്ന് സൂചന. തന്ത്രിയും പന്തളം രാജ കുടുംബവുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രിയാണ് നിർദേശം മുന്നോട്ട് വച്ചത്. ശബരിമല വിഷയത്തിൽ സാവകാശ ഹർജി നൽകാൻ സർക്കാരിനവില്ലെന്നും അക്കാര്യത്തിൽ ദേവസ്വം ബോർഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നുമാണ് ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞത്.

രാവിലെ സർക്കാർ വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗത്തിൽ കടുത്ത നിലപാടെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി തിരുമാനത്തിൻ അയവ് വരുത്തുന്നത്. തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചർച്ചയിൽ ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാറും, ബോർഡംഗം കെ.പി.ശങ്കരദാസും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് യോഗം ചേരുകയാണ്.

സർവ്വകക്ഷിയോഗം പരാജയപ്പെട്ടതിനെ തുടർന്ന് യു.ഡി.എഫും ബി.ജെ.പിയും യോഗം ബഹിഷ്‌കരിച്ചിരുന്നു. സർവ്വകക്ഷിയോഗം പ്രഹസനമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കോടതി വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന ആവശ്യം സർക്കാർ ആംഗീകരിച്ചില്ലെന്നും യോഗം പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.