വനിതാ ട്വന്റി 20: അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിയിൽ

ഗയാന: ഹാട്രിക്ക് വിജയത്തോടെ ഇന്ത്യ ഐസിസി വനിതാ ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ബി മത്സരത്തില്‍ അയര്‍ലാന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ കെട്ടുക്കെട്ടിച്ചത്. 52 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 51 റണ്‍സെടുത്ത മിതാലി രാജിന്റെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സായിരുന്നു എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍െടുക്കാനെ കഴിഞ്ഞുള്ളു. രാധ യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്.

അയര്‍ലന്‍ഡ് നിരയില്‍ 33 റണ്‍സെടുത്ത ഇസൊബെല്‍ ജോയ്സ് മാത്രമാണ് പൊരുതി നോക്കിയത്.  2010നു ശേഷം ആദ്യമായാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറുന്നത്. ഓസ്‌ട്രേലിയക്കു പിന്നാലെ ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ ഇടംനേടുന്ന രണ്ടാമത്തെ ടീം കൂടിയാണ് ഇന്ത്യ. ഗ്രൂപ്പ് ബിയില്‍ നിന്നായിരുന്നു മുന്‍ ചാംപ്യന്‍മാരായ ഓസീസിന്റേയും സെമി പ്രവേശനം.