ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി; കൊച്ചി വിമാനത്താവളത്തിൽ വൻ പ്രതിഷേധം

കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ കേരളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബി.ജെ.പിയുടെ പ്രതിഷേധം. പുലർച്ചെ 4.40നാണ് തൃപ്തിയും സംഘവും നെടുമ്പാശേരിയിലെത്തിയത്. എന്നാൽ ബി.ജെ.പി പ്രവർത്തകർ വിമാനത്താവളം വളഞ്ഞ് പ്രതിഷേധം തുടങ്ങിയതോടെ പുറത്തിറങ്ങാനാകാത്ത സാഹചര്യത്തിലാണ് തൃപ്തിയും സംഘവും. പ്രതിഷേധം കനത്തതോടെ  ഇവരെ കൊണ്ട് പോകാൻ ടാക്സികളും തയ്യാറാകുന്നില്ല. 5 മണിക്കൂറോളമായി വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരുകയാണ് തൃപ്തിയും കൂടെയുള്ള ആറ് യുവതികളും.

എന്നാൽ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃപ്തി ദേശായി. ഇന്ന് ദർശനം നടത്താനായില്ലെങ്കിൽ കേരളത്തിൽ തങ്ങാനാണ് തീരുമാനമെന്നും തനിക്കും കൂടെയുള്ളവർക്കും സർക്കാരും പൊലീസും സുരക്ഷയൊരുക്കണമെന്നും തൃപ്തി പറഞ്ഞു.

അതേസമയം മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. സുരക്ഷ മുൻനിർത്തി തീർത്ഥാടകരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. തുലാമാസ ചിത്തിര ആട്ട വിശേഷങ്ങൾക്കുണ്ടായ അനിഷ്ട സംഭവങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ശബരിമലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ശബരിമല – മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും ഇന്ന് നടക്കും.