വിമാനത്താവളത്തിന് പുറത്തിറക്കില്ലെന്ന് പ്രതിഷേധക്കാർ; മടങ്ങാൻ ഒരുക്കമല്ലെന്ന് തൃപ്തിയും

കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയും സംഘവും ഒമ്പത് മണിക്കൂർ പിന്നിട്ടിട്ടും പുറത്തിറങ്ങാൻ കഴിയാത്ത് സാഹചര്യത്തിൽ തുടരുകയാണ്. ഒരു കാരണവശാലും വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാൻ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രചിഷേധക്കാർ. എന്നാൽ ദർശനം നടത്താതെ മടങ്ങില്ലെന്ന വാശിയിലാണ് തൃപ്തിയും. ഇവരെ അനുനയിപ്പിച്ച് തിരിച്ചയക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ദർശനം നടത്തിയേ തീരുവെന്നുറച്ച തീരുമാനത്തിലാണ് തൃപ്തിയും സംഘവും.

പുലർച്ചെ 4.40നാണ് തൃപ്തിയും ആറ് യുവതികളും നെടുമ്പാശേരിയിലെത്തിയത്. എന്നാൽ ബി.ജെ.പി പ്രവർത്തകർ വിമാനത്താവളം വളഞ്ഞ് പ്രതിഷേധം തുടങ്ങിയതോടെ പുറത്തിറങ്ങാനായില്ല. പ്രതിഷേധം കനത്തതോടെ ഇവരെ കൊണ്ട് പോകാൻ സന്നദ്ധതയറിയിച്ചിരുന്ന ടാക്‌സികളും പിൻവാങ്ങി. ഇന്ന് ദർശനം നടത്താനായില്ലെങ്കിൽ കേരളത്തിൽ തങ്ങാനാണ് തീരുമാനമെന്നും തനിക്കും കൂടെയുള്ളവർക്കും സർക്കാരും പൊലീസും സുരക്ഷയൊരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടിരുന്നു. എ്ന്നാൽ പ്രതിഷേധക്കാരെ മറികടന്ന് ഇവരെ എങ്ങനെ പുറത്തെത്തിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്.

അതേസമയം തൃപ്തി ദേശായിയെ തടഞ്ഞതിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. തൃപ്തി ദേശായി വന്നത് സുപ്രീംകോടതി വിധിയുടെ പിൻബലത്തിലാണ്. അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ ആർക്കും അവകാശമില്ലെന്നും തൃപ്തിയെ തടയുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ നാടകമാണെന്നും മന്ത്രി വ്യക്തമാക്കി.