സൗദിവല്‍ക്കരണം ആരോഗ്യ മേഖലയില്‍ കർശനമാക്കുമെന്ന് ആരോഗ്യ മന്ത്രി

റിയാദ് : ആരോഗ്യ മേഖലയില്‍ സൗദിവല്‍ക്കരണം കർശനമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ആരോഗ്യ മേഖലയില്‍ ലഭ്യമായ മുഴുവന്‍ തൊഴിലവസരങ്ങളിലും മതിയായ യോഗ്യതകളുള്ള സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. ഏതാനും സ്പെഷ്യലൈസേഷനുകളില്‍ വിദേശ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റുകളുടെയും കണ്‍സള്‍ട്ടന്റുമാരുടെയും 22,000 തൊഴിലവസരങ്ങള്‍ ആരോഗ്യ മന്ത്രാലയം നേരത്തെ പരസ്യപ്പെടുത്തിയിരുന്നു.

എന്നാല്‍ 86 സൗദികള്‍ മാത്രമാണ് ഇവ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വന്നത്. ആരോഗ്യ മേഖലയിലെ ഡിപ്ലോമ, ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് വലിയ ശ്രമങ്ങള്‍ ആരോഗ്യ മന്ത്രാലയം നടത്തിയിട്ടുണ്ട്. പരിശീലനങ്ങള്‍ നല്‍കി പ്രാപ്തരാക്കി മാറ്റി പതിനായിരത്തോളം ഡിപ്ലോമക്കാര്‍ക്ക് ഇതിനകം നിയമനം നല്‍കി. അവശേഷിക്കുന്നവര്‍ക്കും വൈകാതെ തൊഴിവലസരങ്ങള്‍ ലഭ്യമാക്കും. വിദേശ ദന്ത ഡോക്ടര്‍മാരെ പിരിച്ചുവിട്ട് പകരം സൗദി ഡെന്റല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം നടപ്പാക്കിവരികയാണ്.