വിമാനത്താവളത്തിൽ പ്രതിഷേധം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ തടഞ്ഞ് പ്രതിഷേധം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലാറിയാവുന്ന 250 പേർക്കെതിരെയാണ് കേസെടുത്തത്. സമരങ്ങൾ നിരോധിച്ച മേഖലയിൽ പ്രതിഷേധിച്ചതിനാണ് കേസ്. പുലർച്ചെ 4.40ന് വിമാനത്താവളത്തിൽ വന്നിറങ്ങിയ തൃപ്തി ദേശായിയേയും സംഘത്തെയും തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധം നടത്തുകയായിരുന്നു. 10 മണിക്കൂർ പിന്നിട്ടിട്ടും തൃപ്തിക്കും കൂടെയുള്ളവർക്കും വിമാനത്താവളത്തിന് പുറത്തിറങ്ങാനായിട്ടില്ല. സ്ത്രീകളുൾപ്പെടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്.

തൃപ്തിയെ അനുനയിപ്പിച്ച് തിരികെ അയക്കാൻ സർക്കാരും പൊലീസും ശ്രമം നടത്തിയെങ്കിലും തിരികെ പോകാൻ അവർ തയ്യാറായിട്ടില്ല. എന്ത് വന്നാലും ദർശനം നടത്തിയിട്ടേ മടങ്ങുകയുള്ളു എന്ന നിലപാടിൽ തന്നെയാണിപ്പോഴും തൃപ്തിയും സംഘവും. സ്വന്തം നിലയിൽ വാഹനവും താമസ സ്ഥലവും ഏർപ്പെടുത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസും ഉറപ്പ് നൽകി. അതേസമയം തൃപ്തി ദേശായിക്കെതിരെയും നെടുമ്പാശേരി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങൾ ലംഘിച്ച് ശബരിമലയിലേക്ക് പോകാൻ ശ്രമിക്കുന്ന തൃപ്തി ദേശായി മതവികാരം വൃണപ്പെടുത്തുന്നുവെന്ന് കാട്ടി യുവമോർച്ചയാണ് പരാതി നൽകിയത്.