സെക്സ് റാക്കറ്റ്‌; മുംബൈയിൽ 56 കാരി അറസ്റ്റിൽ

മുംബൈ: നൃത്തത്തിനെന്ന പേരിൽ യുവതികളെ വിദേശത്തയച്ച് അന്താരാഷ്ട്ര സെക്സ് വ്യാപാരം നടത്തി വന്ന സംഘത്തെ മുംബൈ സിറ്റി ക്രൈംബ്രാഞ്ച് പിടികൂടി. കെനിയ, ബഹ്റൈൻ, ദുബായ് എന്നിവിടങ്ങളിലേക്ക് ഇവർ യുവതികളെ അയച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആഗ്‌നസ് ഹാമൽട്ടൺ എന്ന 56 കാരിയാണ് രാജ്യന്തര തലത്തിലുള്ള സെക്സ് റാക്കറ്റിന് നേതൃത്വം നൽകിയിരുന്നത്. അന്ധേരിയിലെ ലോഖണ്ട്വാലയിൽ ഡാൻസ് ക്ലാസ് നടത്തുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ അറസ്റ്റോടെയാണ് ഡാൻസ് ക്ലാസിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഏതാനും വർഷമായി പ്രവർത്തിക്കുന്ന റാക്കറ്റിന്റെ ഭാഗമായി ആഗ്‌നസ് ഇടയ്ക്കിടെ മലേഷ്യ സന്ദർശനം നടത്താറുണ്ട്.കെനിയയിലേക്ക് കടത്തിയ ഒരു യുവതിയെ അവിടെനിന്ന് നാടുകടത്തിയതിനു പിന്നാലെയാണ് റാക്കറ്റിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. കെനിയയിലെത്തിയ യുവതിയെ അവിടെയുള്ള ഏജന്റ് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. ഒരു വിദേശത്ത് എത്തിച്ചാൽ 40,000 രൂപയാണ് ആഗ്‌നസിനു ലഭിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു