ശബരിമല നട തുറന്നു; കർശന നിയന്ത്രണത്തിൽ സന്നിധാനം

സന്നിധാനം: മണ്ഡല മകരവിളക്ക് പൂജയ്ക്കായി ശബരിമല നട തുറന്നു. സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായി പുതിയ മേൾശാന്തിമാരുടെ സ്ഥാനാരോഹണച്ചടങ്ങുകളും ഉടൻ നടക്കും. ഇന്നത്തെ പ്രധാനചടങ്ങുകൾ കഴിഞ്ഞാൽ രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം പുലർച്ചെ നാലിന് വീണ്ടും നട തുറക്കും.

അതേസമയം സന്നിധാനത്തും പമ്പയിലും പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷ മുൻനിർത്തി തീർത്ഥാടകർക്ക് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ഭക്തർക്ക് സന്നിധാനത്ത് തങ്ങാനാവില്ല. നടപ്പന്തലിലും മരക്കൂട്ടത്തുമൊന്നും കൂട്ടം കൂടി നിൽക്കാനും അനുവാദമില്ല. രാത്രി നട അടച്ച ശേഷം അപ്പം-അരവണ കൗണ്ടറുകൾ തുറക്കുന്നതിനും പൊലീസിന്റെ വിലക്കുണ്ട്. ഹോട്ടലുകളും അന്നദാന കൗണ്ടറുകളും ഇപ്രകാരം അടയ്്ക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.