ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി; ദുബായിൽ യുവതിക്ക് 25 വർഷം തടവ്‌

ദുബായ് : ജനിച്ചയുടനെ ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അവിവാഹിതയായ അമ്മ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. 33 വയസുള്ള ഫിലിപ്പൈന്‍ യുവതിയാണ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുണി വായില്‍ തിരുകി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് സ്‌പോൺസറുടെ സഹോദരിയുടെ മൊഴി ഇങ്ങനെ. ഇക്കഴിഞ്ഞ സെപ്റ്റംബർ 16-ന് ഫിലിപ്പൈൻ യുവതി വയറുവേദനിയ്ക്കുന്നുവെന്നും, ആർത്തവത്തെ തുടർന്നുള്ള വേദനയാണെന്നും പറഞ്ഞു. തുടർന്ന് യുവതി ടോയിലറ്റിൽ കയറി. മണിക്കൂറുകൾ ഏറെ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് താൻ കതകിൽ മുട്ടിയെങ്കിലും വാതിൽ തുറന്നില്ല. പിന്നെയും ഏറെ നേരം കഴിഞ്ഞിട്ടാണ് യുവതി പുറത്തേയ്ക്ക് വന്നത്. പുറത്തുവന്നപ്പോൾ അവരുടെ കൈവശം ഒരു ബാഗ് ഉണ്ടായിരുന്നു. യുവതി വളരെ ക്ഷീണിതയായി കാണപ്പെട്ടു. അൽപ്പസമയത്തിനകം യുവതിയ്ക്ക് അമിത രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും യുവതി അതിന് സമ്മതിച്ചില്ല. തുടർന്ന് താൻ അൽ ഖ്വാസി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് കേസ് എടുത്തതിൻറെ അടിസ്ഥാനത്തിൽ യുവതി ദുബായ് കോടതിയിൽ വിചാരണ നേരിട്ടു. 25 വർഷത്തെ ജയിൽശിക്ഷയാണ് കോടതി യുവതിയ്ക്ക് വിധിച്ചത്. ജയിൽശിക്ഷയ്ക്കു ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടുണ്ട്.