ശബരിമല സ്ത്രീ പ്രവേശനം: സാവകാശ ഹർജി നൽകുമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സാവകാശ ഹർജി നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു. ഏത്രയും വേഗം ഹർജി നൽകാനാണ് തീരുമാനം. ഹരജിയിൽ അവ്യക്തതയുള്ളതിനാൽ കൂടുതൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും നാളെയോ തിങ്കളാഴ്ചയോ സാവകാശ ഹർജി നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.

സുരക്ഷ മുൻനിർത്തി തീർത്ഥാടകർക്ക് കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. രാത്രി കാലങ്ങളിൽ ഭക്തർക്ക് സന്നിധാനത്ത് തങ്ങാനാവില്ല. നടപ്പന്തലിലും മരക്കൂട്ടത്തുമൊന്നും കൂട്ടം കൂടി നിൽക്കാനും അനുവദിക്കില്ല. രാത്രി നട അടച്ച ശേഷം അപ്പം-അരവണ കൗണ്ടറുകൾ തുറക്കുന്നതിനും പൊലീസിന്റെ വിലക്കുണ്ട്. അതേസമയം പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ദേവസ്വം ബോർഡ് അതൃപ്തി പ്രകടിപ്പിച്ചു. കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കാനാകൂ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. തുലാമാസ-ചിത്തിര ആട്ട വിശേഷങ്ങൾക്ക് സന്നിധാനത്തും പമ്പയിലുമുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.