പ്രതിഷേധം കനത്തു; തൃപ്തി ദേശായി ഇന്ന് രാത്രി തന്നെ മടങ്ങും

കൊച്ചി: ശബരിമലയിൽ ദർശനം നടത്താനെത്തിയ തൃപ്തി ഭക്തരുടെ പ്രതിഷേധം കനത്തതോടെ തിരികെ മടങ്ങുന്നു. ഇന്ന് രാത്രി തന്നെ തൃപ്തി തിരിച്ച് പോകുമെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ 4.40ന് വിമാനമിറങ്ങിയ തൃപ്തിക്കും സംഘത്തിനും 14 മണിക്കൂറോളമാണ് പുറത്തിറങ്ങാനാവാതെ വിമാനത്താവളത്തിനുള്ളിൽ തുടരേണ്ടി വന്നത്.

രാവിലെ മുതൽ സമരക്കാർ പ്രതിഷേധം നടത്തിയിരുന്നെങ്കിലും തിരികെ പോകാൻ തൃപ്തി തയ്യാറായിരുന്നില്ല. എന്തു വന്നാലും ദർശനം നടത്താതെ മടങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു തൃപ്തിയും സംഘവും. എന്നാൽ പ്രതിഷേധക്കാരെ മറികടന്ന് തൃപ്തിയെ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ പൊലീസിന് സാധിച്ചില്ല. പ്രതിഷേധം കനത്തതോടെ ഇവരെ കൊണ്ട് പോകാൻ സന്നദ്ധതയറിയിച്ചിരുന്ന ടാക്‌സികളും പിൻവാങ്ങി. ഇന്ന് ദർശനം നടത്താനായില്ലെങ്കിൽ കേരളത്തിൽ തങ്ങാനാണ് തീരുമാനമെന്നും തനിക്കും കൂടെയുള്ളവർക്കും സർക്കാരും പൊലീസും സുരക്ഷയൊരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടിരുന്നു. എന്നാൽ  സ്വന്തം നിലയിൽ വാഹനവും താമസ സ്ഥലവും ഏർപ്പെടുത്തിയാൽ സുരക്ഷ നൽകാമെന്നാണ് പൊലീസ് നൽകിയ മറുപടി.

തുടർന്ന് അവരെ അനുനയിപ്പിച്ച് തിരികെ അയക്കാൻ ആലുവ തഹസിൽദാർ തൃപ്തിയുമായി ചർച്ച നടത്തിയെങ്കിലും മടങ്ങാൻ തൃപ്തി കൂട്ടാക്കിയിരുന്നില്ല. വിമാനത്താവളത്തിന് പുറത്തിറങ്ങാൻ തൃപ്തിയെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ ഉറപ്പിച്ച് പറഞ്ഞതോടെ ഉടൻ തീരുമാനം അറിയിക്കണമെന്ന് പൊലീസും തൃപ്തിയോട് ആവശ്യപ്പെട്ടു.  പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശമില്ലെന്നും തീരുമാനം വൈകിട്ട് 6 മണിക്ക് അറിയിക്കാമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു. തിരികെ പോകേണ്ടിവന്നാലും കൂടുതൽ ഒരുക്കങ്ങളോടെ വീണ്ടും എത്തുമെന്നും ലിംഗസമത്വത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് തിരികെ പോകാമെന്ന് തൃപ്തി സന്നദ്ധതയറിയിച്ചത്.