ഹർത്താലിൽ വലഞ്ഞ് ജനം: കെ.എസ്.ആർ.ടി.സി സർവ്വീസുകൾ നിർത്തിവച്ചു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല അറസ്റ്റിലായതിനെ തുടർന്ന് ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലുൾപ്പെടെ നിരവധി യാത്രക്കാരാണ് വാഹനങ്ങൾ ലഭ്യമാകാതെ വലയുന്നത്. ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവ്വീസുകൾ നിർത്തി വച്ചു. ഇതോടെ തീർത്ഥാടകരുൾപ്പെടെയുള്ളവർ ഹർത്താലിൽ കുടുങ്ങി. രാവിലെ കെ.എസ് ആർ.ടി സി ബസ്സുകൾ സർവ്വീസുകൾ നടത്തിയിരുന്നെങ്കിലും പലയിടങ്ങളിലും ഹർത്താലാനുകൂലികൾ ബസ്സുകൾ തടഞ്ഞിരുന്നു. പലയിടങ്ങളിലും കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് നേരെ കല്ലേറും ഉണ്ടായി. ഇതോടെ സർവ്വീസുകൾ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. സർവ്വീസുകൾ നിർത്തിയതോടെ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ യാത്രക്കാർ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കഴിയാത്ത സാഹചര്യത്തിലാണ്. പലരും ഇന്ന് ഹർത്താലാണെന്ന് അറിയാതെ എത്തിയവരാണ്.

ശബരിമലയിൽ തീർത്ഥാടകർക്ക് പൊലിസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രിയിൽ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിനാണ് കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്ന് പൊലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു. തിരിച്ച് പോകാൻ പൊലീസ് പറഞ്ഞെങ്കിലും മടങ്ങാൻ തയ്യാറാകാതിരുന്നതോടെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്.  പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷൻ പി.സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് മലകയറ്റം തുടങ്ങും മുൻപെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. പൊലീസ് നിയന്ത്രണങ്ങൾ  ലഘിക്കുമെന്നും സന്നിധാനത്ത് തങ്ങുമെന്നുമായിരുന്നു ശശികല പ്രഖ്യാപനം നടത്തിയത്.

അതേ സമയം ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാത്രി നട അടച്ചതിന് ശേഷം പുലർച്ചെ 3 മണിയോടെയാണ് പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.