ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; സഭ ചേരുന്നത‌് തിങ്കളാഴ‌്ചവരെ നിർത്തിവച്ചു

കൊള‌ംബോ: ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷം. രണ്ടാം ദിവസവും ഏറ്റുമുട്ടൽ തുടർന്നതോടെ സഭ ചേരുന്നത‌് തിങ്കളാഴ‌്ചവരെ നിർത്തിവച്ചു. സ‌്പീക്കർ കരു ജയസൂര്യക്കുനേരെ ആക്രമണമുണ്ടായതാണ്‌ സഭ നിർത്തിവയ‌്ക്കാൻ കാരണം. പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്തണമെന്ന്‌ പ്രധാനമന്ത്രി മഹിന്ദ രാജപക‌്സെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടു.

ഇക്കാര്യം വോട്ടിംഗിലൂടെ തീരുമാനമെടുക്കണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം സ്പീക്കർ കരു ജയസൂര്യ അംഗീകരിച്ചതോടെയാണ് ബഹളം തുടങ്ങിയത്.പ്രതിപക്ഷവും രാജപക‌്സെ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ എംപിമാരടക്കം നിലത്തുവീഴുകയും ചിലർക്ക‌് ചവിട്ടേൽക്കുകയും ചെയ‌്തു. ഒക്‌ബോർ 26 നാണ് റനിലിനെ പുറത്താക്കി രാജപക‌്സെയെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.

എന്നാൽ രാജപക‌്സെയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതോടെ പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി 5ന് പൊതുതിരഞ്ഞെടുപ്പു നടത്താൻ സിരിസേന തീരുമാനമെടുത്തു. എന്നാൽ, ഈ തീരുമാനം സുപ്രീം കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. ഇതോടെയാണ്, ബുധനാഴ്ച അവിശ്വാസപ്രമേയം ചർച്ചയ്ക്കു വന്നത്. അതേസമയം ഏതു സ്ഥിതിയിലും സഭ നീട്ടിവയ‌്ക്കുന്ന പ്രശ‌്നമില്ലെന്നു  പ്രസിഡന്റ‌് മൈത്രിപാല സിരിസേന  പ്രഖ്യാപിച്ചു.