ശശികലയെ ഉടൻ കോടതിയിൽ ഹാജരാക്കും; വിട്ടയച്ചില്ലെങ്കിൽ ഹർത്താൽ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി

റാന്നി: പൊലീസ് നിയന്ത്രണങ്ങൾ ലംഘിച്ച് ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ചതിനിടെയിൽ അറസ്റ്റിലായ ഹിന്ദു ഐക്യവേദിയുടെ നേതാവ് കെ.പി ശശികലയെ ഉടൻ കോടതിയിൽ ഹാജരാക്കും, സ്‌റ്റേഷൻ ജാമ്യം നൽകി വിട്ടയക്കാമെന്നുള്ള പൊലീസ് നിർദ്ദേശം ശശികല തളളി. തിരികെ മരക്കൂട്ടത്തെത്തിക്കണമെന്നാണ് ശശികലയുടെയും പ്രവർത്തകരുടെയും ആവശ്യം. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം ഹർത്താൽ നീട്ടുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

ഇന്ന് പുലർച്ചെ മരക്കൂട്ടത്തുവെച്ചായിരുന്നു ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പ്രവേശനം അനുവദിക്കില്ലെന്ന് പൊലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നാൽ പൊലിസിന്റെ നിയന്ത്രണങ്ങൾ ലംഘിക്കുമെന്നും രാത്രി സന്നിധാനത്ത് തങ്ങുമെന്നും വെല്ലുവിളി ഉയർത്തിയാണ് ശശികല  മല കയറിയത്.

മടങ്ങിപ്പോകാൻ പൊലീസ്  ആവശ്യപ്പെട്ടിട്ടും പിൻമാറാതിരുന്നതോടെയാണ്  ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയത്. മരക്കൂട്ടത്ത് നിന്ന് വനംവകുപ്പിന്റെ വാഹനത്തിലാണ് ശശികലയെ പമ്പയിലെത്തിച്ചത്. പിന്നീട് പൊലീസ് ബസിൽ റാന്നി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് റാന്നി പൊലീസ് സ്റ്റേഷനു മുന്നിൽ റോഡ് ഉപരോധിച്ച് ശബരിമല കർമസമിതി-ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ  പ്രതിഷേധം തുടരുകയാണ്.