കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; മരണം 70 കടന്നു

കാലിഫോർണ്ണിയ: കാലിഫോർണിയൻ നഗരമായ പാരഡൈസിൽ ഉണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 70 കടന്നു. വ്യാപക നാശനഷ്ടമുണ്ടാക്കിയ കാട്ടുതീയിൽ 1000ത്തിലധികം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തമാണിത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പടരുന്ന കാട്ടു തീയിൽ വൻ നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്.

142,000 ഏക്കർ വിസ്തൃതിയിലാണ് തീ കത്തിപ്പടർന്നത്. ഉത്തര സാൻഫ്രാൻസിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോർണിയ ഭാഗത്തും ആണ് കാട്ടുതീ ആദ്യമുണ്ടായത്. പിന്നീട് നഗരത്തിലേക്കും പടർന്ന് പിടിക്കുകയായിരുന്നു. കാട്ടുതീയിൽ വീടുകളുൾപ്പെടെ 12,000ത്തോളം കെട്ടിടങ്ങൾ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമായി ബാധിക്കുന്നുണ്ട്. കാലാബസാസിലും മാലിബുവിലും ആണ് കൂടുതൽ നാശനഷ്ടമുണ്ടായത്.