കുവൈറ്റില്‍ മഴ തുടരുന്നു; വിമാനത്താവളത്തില്‍ കുടുങ്ങി മലയാളികള്‍

കുവൈറ്റ്: കുവൈറ്റില്‍ ഒരാഴ്ച്ചയായി തുടരുന്ന മഴ ഏറ്റവും കൂടുതല്‍ ശക്തിപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ഒറ്റ രാത്രിക്കൊണ്ട് പെയ്തത് ഒരു വര്‍ഷം ലഭിക്കുന്ന മഴ. പ്രളയംകാരണം വിമാനത്താവളം 12 മണിക്കൂറോളം അടച്ചിട്ടു. ഇതേ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പടേയുള്ളവര്‍  വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

കുവൈറ്റ് വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു 35 അംഗ മലയാളി തീർത്ഥാടക സംഘമാണ് കുടുങ്ങിയത്. പ്രായമായവര്‍ ഉള്‍പ്പടെ 15 വനിതകള്‍ സംഘത്തിലുണ്ട്. പലരുടെയും അത്യാവശ്യ മരുന്നുകള്‍ ബഗേജിനകത്ത് അയതിനാല്‍ മരുന്ന് കഴിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. അടച്ചിട്ട വിമാനത്താവളം ഇന്നലെ ഉച്ചയോടെ തുറന്നെങ്കിലും പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല.

ഒരുവര്‍ഷം ശരാരി 100 മില്ലീ മീറ്റിര്‍ മഴ ലഭിക്കുന്ന കുവൈറ്റില്‍ വ്യാഴാഴ്ച്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ മാത്രം 97 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബാഹ് അറിയിച്ചിട്ടുണ്ട്. കുവൈറ്റിലെ മൂന്ന് തുറമുഖങ്ങളുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കനത്ത മഴയില്‍ പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകര്‍ന്നു. ഇതേ തുടര്‍ന്ന് റോഡ്‌ ഗതാഗതവും നിരോധിച്ചു.