കെ.പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു

തിരുവല്ല: പൊലീസ് നിയന്ത്രണങ്ങളെ മറികടന്ന് രാത്രി സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല സബ് ഡിവിഷൻ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആൾജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ശശികലയ്ക്ക് ജാമ്യം നൽകിയത്. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ ഇന്നു തന്നെ ശബരിമലയിൽ ദർശനം നടത്തുമെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ശശികല പറഞ്ഞു.

ശശികലയ്ക്കെതിരായ മറ്റു ക്രിമിനൽ കേസുകളുൾപ്പെടെയുള്ള  വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് മജിസ്ട്രേറ്റിന് മുന്നിൽ പൊലീസ് ഹാജരാക്കി. ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്നും പൊലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് പൊലിസ് നിയന്ത്രണങ്ങൾ ലംഘിച്ച്  സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷ കണക്കിലെടുത്ത് സന്നിധാനത്ത് പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി തീർത്ഥാടകർക്ക് രാത്രി സന്നിധാനത്ത് തങ്ങുന്നതിനും അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ദർശനത്തിനെത്തിയ കെ.പി ശശികല തിരിച്ച് പോകാൻ തയ്യാറാകാതിരുന്നതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഞ്ച് മണിക്കൂർ തടഞ്ഞുനിർത്തിയ ശേഷം മരക്കൂട്ടത്ത് വച്ച് ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷൻ പി.സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാത്രി സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്ന് പൊലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നാൽ അത് ലംഘിച്ച് സന്നിധാനത്തേക്ക് പോകാൻ ശശികല ശ്രമിക്കുകയായിരുന്നു. തിരിച്ച് പോകാൻ പൊലീസ് പറഞ്ഞെങ്കിലും മടങ്ങാൻ തയ്യാറാകാതിരുന്നതോടെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് മലകയറ്റം തുടങ്ങും മുൻപെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. പൊലീസ് നിയന്ത്രണങ്ങൾ  ലഘിക്കുമെന്നും സന്നിധാനത്ത് തങ്ങുമെന്നുമായിരുന്നു ശശികല പ്രഖ്യാപനം നടത്തിയത്.