നിയന്ത്രണങ്ങൾ മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമം; കെ.സുരേന്ദ്രൻ കരുതൽ കസ്റ്റഡിയിൽ

നിലയ്ക്കൽ: പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബരരിമല ദര്‍ശനം നടത്താന്‍ നിലയ്ക്കലില്‍ എത്തിയപ്പോഴാണ് സുരേന്ദ്രനേയും കൂട്ടരേയും പോലീസ് തടഞ്ഞത്. പൊലീസിൻ്റെ നിർദേശം മറികടന്ന് മുന്നോട്ട് പോകാന്‍ ഒരുങ്ങിയതോടെ ആണ് സുരേന്ദ്രനെ കരുതൽ കസ്റ്റഡിയിലെടുത്തത്.  ഇരുമുടിക്കെട്ടുമായാണ് സുരേന്ദ്രനും സംഘവും നിലയ്ക്കലിലെത്തിയത്. എന്നാൽ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പോകാൻ അനുവദിക്കില്ലെന്ന് പൊലീസും വ്യക്തമാക്കി. തങ്ങളെ തടയരുതെന്നും നിബന്ധനകൾ അംഗീകരിക്കാമെന്നും കെ. സുരേന്ദ്രൻ പറഞ്ഞെങ്കിലും പമ്പയിലേക്ക് പോകാൻ പൊലീസ് അനുവദിച്ചില്ല.

മടങ്ങിപ്പോകണമെന്ന് പല തവണ പൊലീസ് നിർദ്ദേശിച്ചെങ്കിലും തിരികെ പോകാൻ സുരേന്ദ്രൻ തയ്യാറായില്ല. എന്ത് വന്നാലും ദർശനം നടത്തിയേ മടങ്ങൂ എന്ന് നിലപാടറിയിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ ബലം പ്രയോഗിച്ച് കെ.സുരേന്ദ്രനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. ഇന്നലെ സമാനമായ രീതിയിൽ ഹിന്ദു ഐക്യവേദിയുടെ അദ്ധ്യക്ഷ കെ.പി ശശികലയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തിയിരുന്നു. കെ.പി ശശികലയ്ക്ക് വൈകിട്ട് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സന്നിധാനത്തേക്ക് പോകാനായി കെ.സുരേന്ദ്രനും നിലയ്ക്കലിലെത്തിയത്.

കെ.പി ശശികലയ്ക്ക് പിന്നാലെ കെ. സുരേന്ദ്രനെയും കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധം ഉയരാനുള്ള സാധ്യത ഏറുകയാണ്. ഒരു തരത്തിലും സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാകാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് പൊലീസും. തുലാമാസ പൂജാസമയത്തും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോഴുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് മണ്ഡലകാലത്തിൻ്റെ തുടക്കം മുതൽ തന്നെ പൊലീസ് കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം ശബരിമലയിൽ ദർശനം നടത്തണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിലെത്തിയ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയെന്ന യുവതിയെ പ്രതിഷേധക്കാർ തടഞ്ഞു. എന്നാൽ തനിക്ക് സന്നിദാനത്ത് പോകേണ്ടെന്നും പമ്പ വരെ പോയാൽ മതിയെന്നും മേരി ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ അനുവദിക്കാത്തതിനെ തുടർന്ന് തിരികെ മടങ്ങാമെന്ന് മേരി സ്വീറ്റി സമ്മതിക്കുകയായിരുന്നു.  പമ്പയിലേക്ക് പോകാൻ ബസ്സിൽ കയറുന്നതിനിടെയാണ് മേരിയെ പ്രതിഷേധക്കാർ തടഞ്ഞത്. തുലാമാസ പൂജ സമയത്തും ദർശനം നടത്തണമെന്ന ആവശ്യമുന്നയിച്ച് മേരി സ്വീറ്റി പമ്പയിലെത്തി പൊലീസിന്റെ സുരക്ഷ തേടിയിരുന്നു. എന്നാൽ പ്രതിഷേധം കടുത്തതോടെ അന്ന് അവരെ പൊലീസ് തിരിച്ചയച്ചിരുന്നു.