കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കൊട്ടാരക്കര: പൊലീസ് നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ നിലയ്ക്കലിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലേക്കാണ് മാറ്റിയത്‌. സുരേന്ദ്രന് പുറമെ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.  ജാമ്യമില്ലാക്കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ശബരരിമല ദര്‍ശനം നടത്താന്‍ നിലയ്ക്കലില്‍ എത്തിയപ്പോഴാണ് സുരേന്ദ്രനേയും കൂട്ടരേയും പോലീസ് തടഞ്ഞത്. പൊലീസിൻ്റെ നിർദേശം മറികടന്ന് മുന്നോട്ട് പോകാന്‍ ഒരുങ്ങിയതോടെയാണ് സുരേന്ദ്രനെ ഇന്നലെ കരുതൽ കസ്റ്റഡിയിലെടുത്തത്. രാത്രി അറസ്റ്റിലായ ഇവരെ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം പുലർച്ചെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‌ മുന്നിൽ ഹാജരാക്കിയത്.

തന്നെ പൊലീസ് മർദിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നും കുടിവെള്ളവും മരുന്നും നിഷേധിച്ചെന്നും കെ. സുരേന്ദ്രൻ ആരോപണം ഉന്നയിച്ചെങ്കിലും മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചില്ല. പൊലീസിൻ്റെ നിർദേശങ്ങൾ ധിക്കരിച്ചു, പൊലീസിൻ്റെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കെ.സുരേന്ദ്രനെ റിമാൻഡ് ചെയ്തത്.   എന്നാൽ ഇരുമുടിക്കെട്ട് ജയിലിൽ സൂക്ഷിക്കാനും രണ്ട് നേരം പ്രാർത്ഥന നടത്താനും പൊലീസ് അനുമതി തന്നിട്ടുള്ളതായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.