കെ. സുരേന്ദ്രന്റെ അറസ്റ്റ്: സംസ്ഥാനത്ത് ദേശീയ പാതകൾ ഉപരോധിച്ച് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: നിലയ്ക്കലിൽ പൊലീസ് നിയന്ത്രണങ്ങൾ ലംഘിച്ച് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു. ദേശീയ പാതകൾ ഉപരോധിച്ചും വാഹനൾ തടഞ്ഞുമാണ് പ്രതിഷേധം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായാണ് ബി.ജെ.പി പ്രവർത്തകരുടെ റോഡ് ഉപരോധം തുടരുകയാണ്. ശബരിമല തീർത്ഥാടകരടക്കമുള്ളവരുടെ വാഹനങ്ങളാണ് പ്രതിഷേധക്കാർ തടയുന്നത്.

ഏറണാകുളത്തും പൊൻകുന്നത്തും സമാന രീതിയിലുള്ള അവസ്ഥയാണുള്ളത്. ആലപ്പുഴയിൽ ബി.ജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ എസ്. പി ഓഫീസിലേക്ക് മാർച്ച് നടത്തുകയാണ്. കൊട്ടാരക്കരയിലും വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധം തുടരുന്നു. പൊലീസ് ഇടപെട്ട് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. കൊട്ടാരക്കരയിലാണ് കൂടുതൽ പ്രതിഷേധക്കാർ എത്തിയിട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം ഭാഗങ്ങളിലേക്ക് ഒരു വാഹനങ്ങളേയും കടത്തി വിടുന്നില്ല. വാഹനങ്ങൾ തടഞ്ഞതോടെ തീർത്ഥാടനത്തിനെത്തിയ നിരവധി പേരാണ്  വലയുന്നത്. കോഴിക്കോട് ജില്ലയിൽ വടകര, പാളയം, താമരശ്ശേരി, സുൽത്താൻബത്തേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നത്. വയനാട് ജില്ലയിൽ മാനന്തവാടിയിൽ ഉപരോധം തുടരുകയാണ്.

തിരുവനന്തപുരം ജില്ലയിലും വിവിധയിടങ്ങളിൽ ദേശീയ പാത ഉപരോധിക്കുന്നുണ്ട്. ആറ്റിങ്ങൽ, തമ്പാനൂർ – ഒാവർബ്രിഡ്ജ്, നെയ്യാറ്റിൻകര, കാട്ടാക്കട എന്നിവിടങ്ങളിലും ഉപരോധം നടക്കുന്നു. കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളിൽ 10 മണി മുതൽ പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.

നിലയ്ക്കലിൽനിന്ന് ഇന്നലെ രാത്രി അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം. നിലയ്ക്കലില്‍നിന്ന് രാത്രി ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചവരെ  പുലര്‍ച്ചെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. പിന്നീട്  പൊലീസിൻ്റെ ജോലി തടസ്സപ്പെടുത്തുക, പൊലീസ് നിർദേശം ലംഘിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സുരേന്ദ്രനെയും മറ്റ് മൂന്ന് പേരെയും 14 റിമാൻഡ് ചെയ്യുകയായിരുന്നു. അതിന് ശേഷം കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. ഇതോടെയാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് വന്നത്.