പൊലീസിനെതിരെയുള്ള കെ.സുരേന്ദ്രൻ്റെ ആരോപണങ്ങൾ കള്ളമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: നിലയ്ക്കലിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊലീസ് മർദ്ദിച്ചെന്നും കുടിവെള്ളവും മരുന്നും നിഷേധിച്ചെന്നുമുള്ള കെ.സുരേന്ദ്രൻ്റെ ആരോപണങ്ങൾ നുണയാണെന്ന് സിസടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും സുരേന്ദ്രന് ആവശ്യമുള്ളതെല്ലാം പൊലീസ് നൽകിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

കെ.സുരേന്ദ്രൻ്റെ  അമ്മ മരിച്ച് നാല് മാസം തികയും മുമ്പാണ് അദ്ദേഹം ശബരിമലയിലെത്തിയതെന്നും ആചാരത്തിന് വില കൽപ്പിക്കുന്ന വ്യക്തിയായിരുന്നെങ്കിൽ ആറ് മാസം കഴിയാതെ ദർശനത്തിന് വരാൻ ശ്രമിക്കില്ലായിരുന്നുവെന്നും കടകംപള്ളി കുറ്റപ്പെടുത്തി.

പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച കെ. സുരേന്ദ്രനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിടുത്തത്. നിയന്ത്രണങ്ങൾ ലംഘിച്ചതിനും പൊലീസിൻ്റെ കൃത്യനിർവ്വഹണം  തടസ്സപ്പെടുത്തിയതിനും പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രനെയും മറ്റ് മൂന്ന് പേരെയും 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്യുകയായിരുന്നു. അറസ്റ്റിനിടെ പൊലീസ് തന്നെ മർദ്ദിച്ചെന്നും കുടിവെള്ളം നിഷേധിച്ചെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കെ. സുരേന്ദ്രൻ്റെ ആരോപണങ്ങൾ നുണയാണെന്ന ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നത്.