പീഡനക്കേസുകൾ തീർപ്പാക്കാൻ രാജ്യത്ത് 1023 അതിവേഗ കോടതികൾ വരുന്നു

ഡൽഹി: സ്ത്രീ പീഡനക്കേസുകൾ തീർപ്പാക്കാൻ രാജ്യത്ത് 1023 അതിവേഗ കോടതികൾ വരുന്നു. നിർഭയ ഫണ്ട് ഉപയോഗിച്ചു രണ്ട് ഘട്ടമായാണ് അതിവേഗ കോടതികൾ നിർമ്മിക്കുന്നത്. ആകെ പ്രഖ്യാപിച്ച 1023 അതിവേഗ കോടതികളിൽ 777 എണ്ണം ആദ്യഘട്ടത്തിലും ശേഷിക്കുന്ന 246 എണ്ണം രണ്ടാംഘട്ടത്തിലും സജ്ജമാക്കും. ആദ്യഘട്ടത്തിൽ 9 സംസ്ഥാനങ്ങളിൽ അതിവേഗ കോടതി ഒരുക്കാനാണു പദ്ധതി.

നിർഭയ ഫണ്ടിലെ 767.25 കോടി രൂപയാണ് ഇതിനായി ഉപയോഗപ്പെടുത്തുക. 107 കോടി രൂപ ചെലവിൽ ഫൊറൻസിക് ലാബുകൾ, രാജ്യത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഫൊറൻസിക് റേപ് കിറ്റുകൾ എന്നിവയ്ക്കും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 17.64 കോടി രൂപ ചെലവിൽ 50 റെയിൽവേ സ്റ്റേഷനുകളിൽ ഡിയോ നിരീക്ഷണ സംവിധാനം ഒരുക്കുന്നതാണ് മറ്റൊരു പദ്ധതി.

അതേസമയം സുപ്രീം കോടതി നിർദ്ദേശം ഉണ്ടായിട്ടും പലപ്പോഴായി 3,600 കോടി രൂപയെത്തിയ നിർഭയ ഫണ്ട് വേണ്ടരീതിയിൽ വിനിയോഗിക്കപ്പെട്ടില്ല. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്കാകെ 1000 കോടിയിൽ താഴെയാണ് ചെലവ്. ഏഴുവർഷത്തിനിടെ പലപ്പോഴായി ചെലവിട്ടത് 951 കോടി രൂപയും. ഇപ്പോഴും 1600 കോടി രൂപയോളം ഉപയോഗിച്ചിട്ടില്ല.