കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് കള്ളക്കേസിൽ: പി. ശ്രീധരൻപിള്ള

കോട്ടയം: പൊലീസ് നിയന്ത്രണം ലംഘിച്ചതിന് നിലയ്ക്കലിൽ അറസ്റ്റ് ചെയ്ത കെ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള രംഗത്ത്. കെ സുരേന്ദ്രന്റെ അറസ്റ്റിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ നടത്തുന്ന പ്രതിഷേധം സമാധാനപരമാണെന്നും നിയമ വാഴ്ചയെ മാനിച്ച് പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ശബരിമലയിൽ തീർത്ഥാടകരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്നു. സർക്കാരിന്റെ ശാഠ്യങ്ങൾക്ക് മുന്നിൽ അടിയറവ് പറയില്ലെന്നും ബി.ജെ.പി നേതാക്കളെ അനാവസ്യമായി അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് പൊലീസ് നിർദേശത്തെ മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ശേഷം ഇന്ന് രാവിലെ  പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.