യുഎഇയില്‍ ഇന്‍സ്റ്റഗ്രാമിന്റെ പാസ്‍വേര്‍ഡ് മാറ്റാൻ നിര്‍ദേശം

അബുദാബി: യുഎഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ പാസ്‍വേര്‍ഡ് മാറ്റണമെന്ന്  യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി നിർദ്ദേശം നൽകി. ഇന്‍സ്റ്റഗ്രമിന്റെ പാസ്‍വേര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ അറിയിപ്പ്. ഇതു സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനില്‍  നിന്ന്‌ സന്ദേശം അയച്ചു തുടങ്ങി.

വെബ്‍ബ്രൗസര്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രമിലെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ്‍വേര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ യൂആര്‍എല്‍ അഡ്രസിന്റെ ഭാഗത്ത് തെളിയുന്ന സാഹചര്യമുണ്ടായിരുന്നു.ഈ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം ഇത് പരിഹരിക്കുകയും പാസ്‍വേഡുകള്‍ ഡിലീറ്റും ചെയ്‌തു.

ഇത് തെറ്റായ കൈകളില്‍ എത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ അവരുടെ പാസ്‍വേര്‍ഡ് മാറ്റി വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്നാണ്‌ അറിയിപ്പ്. ഇതേ പാസ്‍വേഡ് മറ്റ് വെബ്സൈറ്റുകളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റണമെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.