സന്നിധാനത്തെ നിയന്ത്രണങ്ങളിൽ ഇളവ്; നെയ്യഭിഷേകത്തിന് കൂടുതൽ സമയം

തിരുവനന്തപുരം: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡി.ജി.പിയുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഏർപ്പെടുത്തും. നെയ്യഭിഷേകം നടത്തുന്നതിനുള്ള സമയം കൂട്ടിയതായും പുലർച്ചെ നട തുറന്നാൽ 3.15 മുതൽ ഉച്ചയ്ക്ക് 12.30 വരെ നെയ്യഭിഷേകം നടത്താനുള്ള സംവിധാനങ്ങളൊരുക്കും. തീർത്ഥാടകർക്ക് പകൽ പൊലീസിന്റേയോ സർക്കാരിന്റെയോ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. ഭക്തരുടെ ഏല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ദേവസ്വം ബോർഡ് തയ്യാറാണെന്നും പുലർച്ചെ മൂന്നുമണിക്കുളളിൽ സന്നിധാനത്തെത്താൻ കഴിയുംവിധം ഭക്തരെ കടത്തിവിടുമെന്നും പത്മകുമാർ വ്യക്തമാക്കി.

പമ്പയിൽ തീർത്ഥാടകർക്ക് വിരി വെയ്ക്കുന്നതിലും ഇളവുണ്ട്. പമ്പയിൽ ആയിരം പേർക്കും  ബേസ് ക്യാമ്പായ നിലയ്ക്കലിൽ പതിനായിരം പേർക്കുംവിരി വെക്കാനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കുമെന്ന് എ.പത്മകുമാർ പറഞ്ഞു. കുട്ടികളുമായി എത്തുന്നവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും അയ്യപ്പ ഭക്തർക്ക് ബുദ്ധിമുട്ടിലാക്കുന്ന യാതൊരു വിധ നിയന്ത്രണങ്ങളും ദേവസ്വം ബോർഡ് സ്വീകരിക്കില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.