അനുമതി വാങ്ങാതെ കണ്ണന്താനം നാളെ പമ്പയിലെത്തും; അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് ശ്രീധരന്‍പിള്ള

പത്തനംതിട്ട :മന്ത്രി അൽഫോൺസ് കണ്ണന്താനം ഒരു അനുമതിയും വാങ്ങാതെ നാളെ പമ്പയിലേക്ക് പോകുമെന്നും തടയാമെങ്കിൽ തടയട്ടെയെന്നും ശ്രീധരൻ പിള്ള വെല്ലുവിളിച്ചു. അറസ്റ്റ് ചെയ്യുന്നവരെ അടയ്ക്കാൻ ഇവിടെയുള്ള ജയിലുകൾ മതിയാകാതെ വരുമെന്നും ശ്രീധരന്‍പിള്ള  പറഞ്ഞു.  ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിലും,   അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ സർക്കാർ വീഴ്ചയിലും പ്രതിഷേധിച്ച് ബി.ജെ.പി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സായാഹ്ന ധർണയിലാണ് ശ്രീധരന്‍പിള്ള പൊലീസിനെതിരെ രംഗത്തെത്തിയത്.

ശബരിമലയിലേക്കുള്ള വഴി പൊലീസുകാരൻ കാട്ടിത്തരണ്ട കാര്യമില്ല. ശബരിമല വിഷയത്തിൽ സമരം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എം എൽ എ മാരും കേരളത്തിലെത്തും.ശബരിമലയുമായി ബന്ധപെട്ട സ്ഥിതിഗതികൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് കഴിയില്ലെങ്കിൽ ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ ബി ജെ.പി തയ്യാറാണെന്നും പൊലീസുകാരെ കൊണ്ട് ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള ശ്രമം നടക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.