പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി: സന്നിധാനത്ത് ആദ്യ പോലിസ് നടപടി

സന്നിധാനം: പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ വലിയ നടപ്പന്തലിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മണ്ഡലകാലം ആരംഭിച്ച ശേഷമുള്ള ആദ്യ പോലിസ് നടപടിയാണിത്. അറസ്റ്റ് ചെയ്തവരെ സന്നിധാനത്തെ സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം പമ്പയിലേക്ക് കൊണ്ടുപോയി . മുപ്പതിലധികം പ്രതിഷേധക്കാരെയാണ് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് നീക്കിയത്.

ശബരിമലയിൽ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ വലിയനടപ്പന്തലിൽ നൂറുകണക്കിന് പേരാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. എല്ലാവർക്കും വിരിവയ്ക്കാൻ അനുവാദം നൽകണമെന്നായിരുന്നു പ്രതിഷേധക്കാരുടെആവശ്യം. നൂറുകണക്കിന് ഭക്തരാണ് ശരണം വിളിച്ച് സന്നിധാനത്തുള്ളത്. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശമാണെന്നും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും  പോലിസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിന്റെ പശ്ചാതലത്തിൽ പമ്പയിലും നിലക്കലിലും കൂടുതൽ പോലിസിനെ വിന്യസിച്ചു.