ദേശീയദിനം വർണ്ണാഭമാക്കി ഒമാൻ; ആഘോഷങ്ങൾക്ക് തുടക്കം

മസ്‌കറ്റ്: സുൽത്താൻ ഖാബൂസ് ബിൻ സഈദിന് അഭിവാദ്യങ്ങളർപ്പിച്ച് 48-ാം ദേശീയ ദിനാഘോഷങ്ങൾക്ക് ഒമാനിൽ തുടക്കം. രാജ്യത്തുടനീളം ആഘോഷ പരിപാടികൾ  ഒരുക്കിയിട്ടുണ്ട്. രാജ്യം മുഴുവൻ ദേശീയ പതാകകൾ കൊണ്ടും വർണങ്ങൾ കൊണ്ടും അലങ്കരിച്ചും സുൽത്താന്റെ ചിത്രങ്ങൾ സ്ഥാപിച്ചും ആഘോഷത്തിന് തയാറെടുത്തു കഴിഞ്ഞു.

ദേശീയദിനത്തോടനുബന്ധിച്ച് ഉപപ്രധാന മന്ത്രി, സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ, മജ്‌ലിസ് ശൂറ ചെയർമാൻ, മന്ത്രിമാർ, ഗവർണർമാർ തുടങ്ങിയ വിവിധ ഭരണാധികാരികൾ സുൽത്താൻ ഖാബൂസിന് ആശംസകൾ നേർന്നു. ദേശീയദിനം പ്രമാണിച്ച് 2 ദിവസത്തെ പൊതു അവധിയും നല്കിയിട്ടുണ്ട്‌. സ്വദേശികൾക്കൊപ്പം പ്രവാസി സമൂഹവും ദേശീയദിനം ആഘോഷമാക്കുന്നുണ്ട്‌.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 298 തടവുകാർക്ക് സുൽത്താൻ ഖാബൂസ് ബിൻ സഈദ് മോചനം നൽകി. മാത്രമല്ല ഒമാൻ ദേശീയ മ്യൂസിയം കൂടുതൽ സമയം സന്ദർശകർക്കായി തുറന്നു നൽകും.  പ്രവേശനം സൗജന്യമായിരിക്കും. നവംബർ 30 വരെ ദേശീയദിനാഘോഷ പരിപാടികൾ  രാജ്യത്ത്‌ നീണ്ടു നിൽക്കും. ദേശീയദിനവും നബിദിനവും ഒന്നിച്ചാണ് ഒമാൻ ആഘോഷിക്കുന്നത്‌