ഇന്ന് പുലർച്ചെ നട തുറന്നപ്പോൾ ദർശനത്തിനെത്തിയത് 100ൽ താഴെ ഭക്തർ മാത്രം

സന്നിധാനം: വലിയനടപ്പന്തലിൽ നാമജപപ്രതിഷേധം നടത്തിയ എൺപതിലധികം പേരെ പൊലീസ് അറസ്റ്റ്‌ചെയ്ത് നീക്കിയതിന് പിന്നാലെ ഇന്ന് പുലർച്ചെ നട തുറന്നപ്പോൾ ദർശനത്തിനായി എത്തിയത് 100ൽതാഴെ ഭക്തർ മാത്രം. സാധാരണയായി മണിക്കൂറുകൾ നീണ്ട ക്യൂവായിരിക്കും പുലർച്ചെ ദർശനത്തിനായി അനുഭവപ്പെടുക. സന്നിധാനത്തേക്ക് കടന്ന് പോകുന്നതിന് കർശന പരിശോധനയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് ഇന്ന് ദർശനത്തിനായി എത്തിയത്. കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ ഈ ദിവസങ്ങളിൽ നന്നേ കുറവാണ്. ഇതിന് കാരണം പൊലീസിന്റെ കർശന പരിശോധനയാണെന്നാണ് വിലയിരുത്തൽ.

തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ നട വരവിലും ഗണ്യമായ കുറവുണ്ടായി. പ്രതീക്ഷിച്ച രീതിയിൽ വിൽപന നടക്കാത്തതിനാൽ അപ്പം അരവണ നിർമ്മാണം നിർത്തിവച്ചു. അതേ സമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. നെയ്യഭിഷേകം നടത്തുന്നതിനുള്ള സമയം അരമണിക്കൂർ കൂടി നീട്ടി. പുലർച്ചെ നട തുറന്നാൽ 3.15 മുതൽ ഉച്ചയ്ക്ക് 12.30 വരെ നെയ്യഭിഷേകം നടത്താനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. തീർത്ഥാടകർക്ക് പകൽ പൊലീസിന്റേയോ സർക്കാരിന്റെയോ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പമ്പയിൽ തീർത്ഥാടകർക്ക് വിരി വെയ്ക്കുന്നതിലും ഇളവുണ്ട്. പമ്പയിൽ ആയിരം പേർക്കും ബേസ് ക്യാമ്പായ നിലയ്ക്കലിൽ പതിനായിരം പേർക്കുംവിരി വെക്കാനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കുമെന്ന് എ.പത്മകുമാർ പറഞ്ഞു. കുട്ടികളുമായി എത്തുന്നവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും അയ്യപ്പ ഭക്തർക്ക് ബുദ്ധിമുട്ടിലാക്കുന്ന യാതൊരു വിധ നിയന്ത്രണങ്ങളും ദേവസ്വം ബോർഡ് സ്വീകരിക്കില്ലെന്നും പത്മകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ദേവസ്വം പ്രസിഡന്റും ഡി.ജി.പിയുമായുള്ള ചർച്ചയിലാണ് പൊലീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനമായത്.