എസ്കലേറ്ററില്‍ നിന്ന് വീണ് ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്

എസ്കലേറ്ററില്‍ നിന്ന് വീണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്. നവംബര്‍ 17നാണ് അപകടം ഉണ്ടായത്. മുബൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടം നടന്നത്. എസ്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ച് വീഴുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അർധരാത്രിയോടെ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയയും നടത്തും. രണ്ടാഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

ഒടിയന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്.  മോഹൻലാൽ ചിത്രം ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രീകുമാർ മേനോൻ കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ മുഖത്ത് നീരുള്ളതിനാൽ അധികനേരം ജോലി ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇന്നലെ ഒടിയനിലെ ഒരു ഗാനം റിലീസ് ചെയ്തിരുന്നു. ഡിസംബര്‍ 14നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.