യുഎഇയിലുളളവർക്ക്‌ എയർ ഇന്ത്യയിൽ പണമില്ലാതെ ടിക്കറ്റ് ബുക്ക്‌ ചെയ്യാം

അബുദാബി: യുഎഇയിലുളള വിമാന യാത്രക്കാർക്ക് ഇനി എയർ ഇന്ത്യ എക്സ്പ്രസിൽ പണം നൽകാതെ ടിക്കറ്റ് ബുക് ചെയ്യാം. എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ എക്സ്‌ചേഞ്ചിന്റെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. എയർ ഇന്ത്യ എക്സ്പ്രസ് ഇതിനായി ഒരു കോൾ സെന്റർ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ഈ നമ്പറിൽ വിളിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. +9716-5970303 എന്നതാണ് ഈ കോൾ സെന്റർ നമ്പർ. ഇതിൽ വിളിച്ച് യുഎഇയിൽ എവിടെ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

യുഎഇ എക്സ്‌ചേഞ്ചിന്റെ 150 ഓളം ഔട്ട്‌ലെറ്റുകളിൽ എവിടെ നിന്നും ടിക്കറ്റ് പിന്നീട് പണം നൽകി വാങ്ങാം. വിമാനം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് ടിക്കറ്റുകൾ കൈപ്പറ്റിയിരിക്കണം എന്നതാണ് പുതിയ നിർദ്ദേശം. പരീക്ഷണ അടിസ്ഥാനത്തിലാണ് യുഎഇ യിൽ ഈ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. പദ്ധതി വിജയകരമാണെന്ന് കണ്ടാൽ എയർ ഇന്ത്യ എക്സ്പ്രസ് ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും