സന്നിധാനത്തെ കൂട്ട അറസ്റ്റ്: 69 പേർ റിമാൻഡിൽ

പത്തനംതിട്ട: കഴിഞ്ഞ ദിവസം സന്നിധാനത്ത് അറസ്റ്റിലായ 69 പേരെ പത്തനംതിട്ട മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതു.പൊലീസ് വിലക്ക് മറികടന്ന് നടപ്പന്തലിൽ പ്രതിഷേധിച്ചതിന് 150 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എഴുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.റിമാൻഡിലായവരുടെ ജാമ്യാപേക്ഷ ഈ മാസം 21ന് കോടതി പരിഗണിക്കും.

ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കെതിരെയാണ് ഇന്നലെ അർദ്ധരാത്രി നടപ്പന്തലിൽ പ്രതിഷേധമുണ്ടായത്. എല്ലാവർക്കും വിരി വെയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടപ്പന്തലിൽ നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. നട അടച്ചതിന് ശേഷവും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാതിരുന്നതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിൻറെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായവരിൽ 15 പേർ നേരത്തേ ശബരിമല സംഘർഷങ്ങളിൽ ഉൾപ്പെട്ടവരായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.