യു‍ഡിഎഫ്- ബിജെപി നേതാക്കൾ ഇന്ന് ശബരിമലയിൽ

പത്തനംതിട്ട: ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ഇന്ന് ശബരിമലയിലെത്തി നിരോധനാജ്ഞ ലംഘിക്കും.  ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് സമരത്തിനിറങ്ങുന്നത്. ശബരിമലയിലെ പോലീസ് നടപടിയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം സാധാരണ ഭക്തരും പീഡിക്കപ്പെട്ടു എന്നതാണ് യുഡിഎഫ് നിലപാട്. ഇതിനു പുറമെ തീര്‍ത്ഥാടകര്‍ നേരിടുന്ന അസൗകര്യങ്ങളും സര്‍ക്കാരിനെതിരെ ആയുധമാക്കും.

വി. മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് ശബരിമലയിലെത്തും. നിരോധനാജ്ഞ നിലനിൽക്കെ പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് നേതാക്കൾക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശം.ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പ്രവർത്തകർ ശബരിമലയിലേക്ക് പോകണമെന്നാണ് നിർദ്ദേശം. സംസ്ഥാന ജനറൽ  സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ നൽകിയിരിക്കുന്നത്. ഡിസംബർ 15 വരെ  പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാൻ  ചുമതലപ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ പേരും മൊബൈൽ നമ്പരും അടങ്ങിയ സർക്കുലർ ഇന്നലെ പുറത്തായിരുന്നു.