എന്‍.ബി.എ അംഗീകാരമില്ലാത്ത ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ 30നകം എംബസിയിൽ രജിസ്റ്റര്‍ ചെയ്യണം

കുവൈറ്റ്: എന്‍.ബി.എ അക്രഡിറ്റേഷന്റെ അംഗീകാരം ഇല്ലാത്ത ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു. വിദേശ മന്ത്രാലയത്തിന്റെ ഗള്‍ഫ് വിഭാഗം ജോയിന്റ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എഞ്ചിനീയര്‍മാര്‍ അവരുടെ പ്രശ്‌നങ്ങള്‍ അറിയിച്ചിരുന്നു.

ഓരോ പ്രശ്‌നങ്ങളുടെയും സ്വഭാവം മനസിലാക്കി അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനാണ് രജ്‌സട്രേഷന്‍ചെയ്യുവാന്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എംബസി വെബ്‌സൈറ്റില്‍ ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മാര്‍ച്ച് പതിനൊന്നു മുതലാണ് എന്‍.ബി.എ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നല്ലാത്ത ഒരാളുടെയും വിസ പുതുക്കെണ്ടതില്ല എന്ന തീരുമാനം കുവൈറ്റ് നടപ്പാക്കി തുടങ്ങിയത്.

ഇതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് വിസ പുതുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് എഞ്ചിനീയർമാരാണ് ജോലി ചെയ്യുന്നത്. കുവൈറ്റ് എന്‍ജിനീയേര്‍സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍, എന്‍ജിനീയര്‍മാര്‍ക്ക് അവര്‍ പഠിച്ച സ്ഥാപനങ്ങളും കോഴ്സുകളും നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റെഷന്റെ (എന്‍.ബി.എ) അപ്രൂവല്‍ ഉള്ളവയായിരിക്കണം.