സോവിയറ്റ് തടവുകാരെ പോലെ അയ്യപ്പഭക്തരോട് പെരുമാറാമെന്ന് പിണറായി വിജയന്‍ കരുതേണ്ട: അമിത് ഷാ

ഡല്‍ഹി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിശ്വാസത്തെ അടിച്ചമർത്താൻ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് അമിത്ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത്ഷായുടെ പ്രതികരിച്ചത്. സോവിയറ്റ് തടവുകാരെ പോലെ അയ്യപ്പഭക്തരോട് പെരുമാറാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും പെൺകുട്ടികളോടും അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് മനുഷ്യത്വരഹിതമായിട്ടാണ് പെരുമാറുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ശബരിമലയിലെ ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. കെ സുരേന്ദ്രനെയും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തത് ആ തെറ്റിദ്ധാരണയിലാണ്. ശബരിമല വിഷയം പോലെയുള്ള പ്രശ്‌നം പിണറായി വിജയന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ നിരാശാജനകമാണെന്നും ഭക്തര്‍ക്ക് ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ ട്വീറ്ററില്‍ ആരോപിച്ചിട്ടുണ്ട്.

ഭക്തര്‍ രാത്രി വിശ്രമിക്കുന്ന സ്ഥലത്തെല്ലാം പന്നി കാഷ്ടവും ചവറ്റു വീപ്പകളുമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നാണ് മനസിലാകുന്നത്. ഞങ്ങള്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തന്മാര്‍ക്കൊപ്പമാണ്. വൈകാരികമായ ഒരു പ്രശ്നത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്ന രീതി വളരെ നിരാശാജനകമാണെന്നും അമിത്ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി.