സൗദിയിൽ ട്രാഫിക് സുരക്ഷക്കായി പുതിയ പദ്ധതികൾ

റിയാദ്‌: ട്രാഫിക് സുരക്ഷക്ക്‌ പുതിയ പദ്ധതികളുമായി സൗദി ഗതാഗത മന്ത്രാലയം. സുരക്ഷാ മുൻനിർത്തിയുള്ള എട്ട് പുതിയ പദ്ധതികളാണ് അധികൃതർ നടപ്പാക്കാനിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം റോഡു കളിലും കമ്പിവേലി സ്ഥാപിക്കലും വൈദ്യുതീകരണവുമാണ് പദ്ധതിയിലെ പ്രധാന ലക്ഷ്യം. വിഷൻ 2030ന്‍റെ ഭാഗമായാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്.

68,000 കിലോമീറ്ററിലധികം നീളത്തിലാണ് നടപ്പിലാക്കുന്ന പദ്ധതി. മൊത്തം 773 ദശലക്ഷം റിയാൽ ചെലവ് വരുമെന്നാണ് കണക്ക്. റോഡ് സുരക്ഷ വർധിപ്പിക്കുകയും അപകടങ്ങൾ കുറക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നു വർഷം കൊണ്ട് മന്ത്രാലയം നടപ്പിലാക്കാൻ തീരുമാനിച്ച 23 പദ്ധതികളിലുൾപ്പെട്ടതാണിത്. അപകടങ്ങൾ കുറക്കുന്നതോടൊപ്പം നാശനഷ്ടങ്ങളിലെ 4.4 ബില്യൺ റിയാൽ കുറക്കാൻ ഇതിലൂടെ സാധിക്കും.

ഗതാഗത പാതകൾക്ക് ഇരുവശവും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, റോഡുകൾക്ക് വശങ്ങളിൽ കമ്പിവേലികൾ, കോൺക്രീറ്റ് ഭിത്തികൾ, ലൈറ്റുകൾ എന്നിവ സ്ഥാപിക്കുക, മൃഗങ്ങൾ മുറിച്ചു കടക്കുന്ന ഭാഗങ്ങളില്‍ ബോർഡുകൾ ഒരുക്കുക, വിവിധ മേഖലകളിലെ ജങ്ഷനുകൾ നന്നാക്കുക, ഇലക്ട്രിക് പോസ്റ്റുകൾ സംരക്ഷണ കെട്ടുണ്ടാക്കുക തുടങ്ങിയവ സുരക്ഷ പദ്ധതികളിലുൾപ്പെടും. പദ്ധതി യാഥാർഥ്യമാവുന്നതോടെ അപകട നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.