വിദ്യാഭ്യാസ യോഗ്യതയില്ല; കുവൈറ്റിൽ തൊഴിൽ തസ്തികകളിൽ മാറ്റം

കുവൈറ്റ്:  മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് വിദേശികളെ നിലവിലുള്ള തൊഴിൽ തസ്തികകളിൽ നിന്നും മാറ്റി കുവൈറ്റ് മാൻപവർ അതോറിറ്റി. സ്വകാര്യ മേഖലയിലെ കമ്പനികളിൽ സൂപ്പർ വൈസർ പദവികൾ വഹിക്കുന്ന പ്രവാസികൾക്കാണ് നടപടി നേരിടേണ്ടി വന്നത്.

ഉയർന്ന പദവികൾ അലങ്കരിച്ചിരുന്ന നിരവധി വിദേശികളുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷമാണ് അതോറിറ്റിയുടെ നടപടി. കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായിട്ടുള്ള അക്രഡിറ്റേഷൻ നേടാത്തതും, മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നും കണ്ടെത്തിയ സർട്ടിഫിക്കറ്റുകളുടെ ഉടമകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഉന്നത വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത തസ്തികകൾ മാറ്റി നൽകുന്നതാണ്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച നടപടികളിൽ കർശന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പരിശോധന സംബന്ധിച്ച് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ നിരവധി വിദേശികൾ രാജ്യം വിട്ടു പോകുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.