മുഖ്യമന്ത്രിക്ക് നേരെ മുളകുപൊടി ആക്രമണം; അക്രമി കസ്റ്റഡിയിൽ

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ സെക്രട്ടേറിയറ്റിൽ മുളകുപൊടി ആക്രമണം. മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന കുമാർ ഹിന്ദുസ്ഥാനി എന്നയാളാണ് ആക്രമണം നടത്തിയത്. ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേക്കുവന്നപ്പോൾ അക്രമി മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. കുമാറിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത കുമാറിനെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിനുപിന്നിലെ കാരണം വ്യക്തമല്ല. കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസും കേന്ദ്രസേനയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ സുരക്ഷാ ചുമതല നിർവഹിക്കുന്നത്. മുഖ്യമന്ത്രിക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെന്നും ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആം ആദ്മി പാർട്ടിയുടെ എംഎൽഎ സൗരഭ് ഭരദ്വാജ് ആരോപിച്ചു. എന്നാൽ രാഷ്ട്രീയ ലാഭത്തിനുവേണ്ടി എഎപി തന്നെ സംഘടിപ്പിച്ച ആക്രമണമാണ് ഇതെന്നാണ് ബിജെപിയുടെ പ്രതികരണം.