എം.ഐ  ഷാനവാസ് ഇനി ഓർമ്മ; വിടവാങ്ങിയത് സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ നേതാവ്

സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനംകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ രാഷ്ട്രീയ നേതാവായിരുന്നു എം.ഐ  ഷാനവാസ്. വയനാടെന്ന മലയോര മണ്ണിന്റെ വികസനത്തിന് എന്നും മുതൽക്കൂട്ടായിരുന്ന എം.ഐ  ഷാനവാസ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്തെത്തി കോൺഗ്രസിന്റെ കരുത്തുറ്റ സാരഥിയായി മാറുകയായിരുന്നു.

ഇബ്രാഹിം കുട്ടിയുടെയും നൂർജഹാന്റെയും മകനായി 1951 സെപ്റ്റംബർ 22 ന്‌ കോട്ടയം ജില്ലയിലാണ് ജനനം. വയനാട് നിന്നുള്ള ലോകസഭാംഗമാണ് എം.ഐ. ഷാനവാസ്. എൽഡിഎഫിലെ സത്യൻ മൊകേരിയെ തോൽപ്പിച്ച്  2014 ൽ ലോകസഭയിലെത്തി.  വിദ്യാർത്ഥി യുവജന വിഭാഗത്തിലൂടെയാണ് കോൺഗ്രസ് സംഘടനാ രംഗത്ത് സജീവമായത്. 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ പി സി സി ജോയന്റ് സെക്രട്ടറി, 1985ല്‍ കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

2009-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും അധികം ഭൂരിപക്ഷത്തോടെ വിജയിച്ചാണ്  എം.ഐ  ഷാനവാസ് ലോകസഭയിലെത്തുന്നത്. 1987ലും 1991ലും വടക്കേക്കരയിലും 1996 ല്‍ പട്ടാമ്പിയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ഈ മാസം രണ്ടിനാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഷാനവാസിനെ പ്രവേശിപ്പിച്ചത്. മകൾ അമീന ഷാനവാസാണ് കരൾ നൽകിയത്.  ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും രണ്ട് ദിവസത്തിനു ശേഷം അണുബാധയുണ്ടാവുകയായിരുന്നു. തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ജുബൈരിയത്ത് ബീഗമാണ്‌ ഭാര്യ. രണ്ട് മക്കളുണ്ട്‌. കോഴിക്കോട് ഫറൂഖ് കോളേജ് എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യഭ്യാസം പൂർത്തിയാക്കി.