ഒമാനില്‍ കെട്ടിടമോ ഭൂമിയോ വാങ്ങുന്നതിന് വിദേശികള്‍ക്ക് വിലക്ക്

ഒമാന്‍: വിദേശികള്‍ക്ക് ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഒമാന്‍ സർക്കാർ. ഈ നിയമ പ്രകാരം വിദേശികള്‍ക്ക് ഭൂമിയോ വസ്തുക്കളോ കൃഷി ആവശ്യത്തിന് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ അനുബന്ധ നിയമങ്ങള്‍ ഭവന നിര്‍മാണ വകുപ്പ് മന്ത്രി വൈകാതെ പുറത്തിറക്കും.

കൊട്ടാരങ്ങള്‍, സുരക്ഷാ ഏജന്‍സികളുടെയോ സേനയുടെയോ സംവിധാനങ്ങള്‍, പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങള്‍ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങള്‍ക്ക് സമീപമുള്ള മലകളും ദ്വീപുകളും വിദേശികള്‍ക്ക് ഉടമസ്ഥതാവകാശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളില്‍ പെടും. ഒമാനി പൗരത്വം നഷ്ടപ്പെടുന്നവര്‍ ഭൂമി തിരിച്ചേല്‍പ്പിക്കുന്നത് സംബന്ധിച്ച വിവിധ വ്യവസ്ഥകളും ഉത്തരവിലുണ്ട്. നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കാനും ഉത്തരവ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ക്ക് സ്ഥലത്തിന്റെ പ്രധാന്യം നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ഒമാന്റെ എല്ലാ ഗവര്‍ണറേറ്റുകളിലും ഈ നിരോധനം ബാധകമാണ്.