പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്ന് പൊൻരാധാകൃഷ്ണൻ; ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോയെന്ന് യതീഷ് ചന്ദ്ര

നിലയ്ക്കൽ: പമ്പയിലേക്ക് തീർത്ഥാടകരുടെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതിനെ ചൊല്ലി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കം. പമ്പയിലേക്ക് കെഎസ്ആർടിസി ബസ് വിടുന്നുണ്ടെന്നും എന്തുകൊണ്ട് സ്വകാര്യവാഹനങ്ങളെ പോകാൻ അനുവദിക്കുന്നില്ലെന്നും പൊൻരാധാകൃഷ്ണൻ ചോദിച്ചു.

സ്വകാര്യ വാഹനങ്ങൾ പോയാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും കെഎസ്ആർടിസി ബസുകൾ പമ്പയിൽ പാർക്ക് ചെയ്യുന്നില്ലെന്നുമായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും എസ്.പി ചോദിച്ചു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് മന്ത്രിയും മറുപടി നൽകി. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്പിയോട് തട്ടിക്കയറി. പ്രതിഷേധത്തിൻ്റെ ഭാഗമായി മന്ത്രി പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര തിരിച്ചു.