അബുദാബിയിൽ ഊബർ ടാക്‌സി സർവ്വീസ് പുനരാരംഭിക്കുന്നു

യു.എ.ഇ: അബുദാബിയിൽ വീണ്ടും ഓൺലൈൻ ടാക്‌സി സർവ്വീസായ ഊബർ സേവനമാരംഭിക്കുന്നു. രണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഊബർ വീണ്ടുമെത്തുന്നത്. സ്വദേശികൾക്കും ഇനിമുതൽ സ്വന്തം വാഹനങ്ങൾ ഊബറിൽ രജിസ്റ്റർ ചെയ്യാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ഉൂബർ പ്രവർത്തനമാരംഭിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് സ്വദേശികൾക്ക് മുഴുവൻ സമയമോ ഭാഗികമായോ ഊബറിൽ ടാക്‌സി ഡ്രൈവർമാരായി ജോലി ചെയ്യാനാവും. ഇതുസംബന്ധിച്ച കരാറിൽ ഗതാഗത വകുപ്പും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും ഒപ്പ് വച്ചു.

ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ കീഴിലാണ് ഊബർ പ്രവർത്തിക്കുന്നത്. നിരക്കുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2016 ൽ ഊബർ അബൂദബിയിൽ ടാക്‌സി സർവീസ് അവസാനിപ്പിച്ചിരുന്നു. മറ്റ് ടാക്‌സികളിലെ അതേ നിരക്ക് തന്നെയാകും ഊബറും ഈടാക്കുക. കിലോമീറ്ററിന് 2 ദിർഹം 25 ഫിൽസും സമയം അടിസ്ഥാനമാക്കിയാൽ മിനിറ്റിന് 25 ഫിൽസും ചാർജ് ഈടാക്കും. മിനിറ്റിന് അഞ്ച് ഫിൽസാണ് വെയിറ്റിങ് ചാർജ്. പൊതു അവധിയുള്ള ദിവസങ്ങളിലും രാത്രിയിലും നിരക്കുകളിൽ മാറ്റമുണ്ടാകും.