എസ്.പി യതീഷ് ചന്ദ്രയ്ക്ക് കറുത്തവരോട് അവജ്ഞയെന്ന് എ.എൻ രാധാകൃഷ്ണൻ

പമ്പ: ശബരിമല സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ. രമേശ് ചെന്നിത്തലയ്ക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്ന എസ്പി കേന്ദ്ര മന്ത്രിയോട് അപമര്യാദ കാട്ടിയെന്നും എസ്പി യതീഷ് ചന്ദ്രക്ക് കറുത്തവരോട് അവജ്ഞയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

എസ് പി മന്ത്രിയോട് മോശമായാണ് സംസാരിച്ചത്. കേന്ദ്രമന്ത്രിയെ നിങ്ങൾ എന്ന് വിളിച്ച് അഭിസംബോധനചെയ്തത് ശരിയായില്ല. യതീഷ് ചന്ദ്രയുടെ മോശമായ പെരുമാറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. പമ്പയിലേക്ക് തീർത്ഥാടകരുടെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതിനെ ചൊല്ലി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്പി യതീഷ് ചന്ദ്രയും തമ്മിൽ നിലയ്ക്കലിൽ തർക്കമുണ്ടായിരുന്നു.

സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടാത്തതെന്തെന്ന മന്ത്രിയുടെ ചോദ്യത്തിന് സ്വകാര്യ വാഹനങ്ങൾ പോയാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും കെഎസ്ആർടിസി ബസുകൾ പമ്പയിൽ പാർക്ക് ചെയ്യുന്നില്ലെന്നുമായിരുന്നു യതീഷ് ചന്ദ്ര നൽകിയ മറുപടി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും എസ്.പി ചോദിച്ചിരുന്നു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് മന്ത്രിയും മറുപടി നൽകി. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്പിയോട് തട്ടിക്കയറി. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രി പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസിലാണ് പോയത്.