ശബരിമല സ്ത്രീ പ്രവേശനം: നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘനകൾ ഒന്നിച്ച് നിൽക്കണം. കേരളത്തെ പിന്നോട്ട് നയിച്ച് നാടിനെ അപമാനിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസംബർ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ എന്ന പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ മാധ്യമങ്ങൾ തുടക്കത്തിൽ നല്ല നിലപാടുകൾ സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് അതുണ്ടായില്ല. പല വാർത്തകളും നാടിനെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവർക്ക് ഊർജ്ജം നൽകുന്നവയായിരുന്നു. മാധ്യമങ്ങൾ ശരിയായ നിലപാടുകൾ സ്വീകരിക്കണമെന്നും ശബരിമലയിൽ ഏറ്റവും അധികം അക്രമങ്ങൾ ഉണ്ടായത് മാധ്യമപ്രവർത്തകർക്ക് നേരെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.