അമേരിക്കൻ വിനോദ സഞ്ചാരിയെ ആൻഡമാനിൽ അമ്പെയ്ത് കൊന്നു

പോർട്ട്‌ബ്ലെയർ: അമേരിക്കൻ വിനോദ സഞ്ചാരി ആൻഡമാൻ ദ്വീപിൽ ഗോത്ര വർഗ്ഗക്കാരന്റെ അമ്പേറ്റ് മരിച്ചു.  സംഭവത്തിൽ  ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോൺ അലൻ ഷൗ എന്ന 27 കാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ ആൻഡമാനിലെ സെന്റിൻലീസ് എന്ന ഗോത്രവർഗ്ഗക്കാരാണെന്ന് ആൻഡമാൻ ഷീഖ എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു.

സാധാരണ ഗതിയിൽ ഒരു അമേരിക്കൻ പൗരനെ കാണാതാകുമ്പോൾ പ്രദേശത്തെ അധികാരപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാറുണ്ടെന്നും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കൊല്ലപ്പെട്ട ആളുടെ സ്വകാര്യത സംബന്ധിച്ച വിഷയങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കോൺസുലേറ്റ് തയ്യാറായില്ല.

ജോണിന്റെ കൊലപാതകത്തെക്കുറിച്ച് തങ്ങൾ അറിഞ്ഞിരുന്നുവെന്നും മുമ്പും ദ്വീപുകളിൽ സന്ദർശനം നടത്തിയിട്ടുള്ള ജോണിന് സെന്റിൻലീസ് ഗോത്രത്തെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് അടുത്ത പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി അദ്ദേഹം ഒരു ചെറുതോണി സംഘടിപ്പിച്ചിരുന്നു. ഏതാനും മത്സ്യത്തൊഴിലാളികൾക്കൊപ്പം നവംബർ 16 ന് ഈ ദ്വീപിന്റെ സമീപത്ത് എത്തിയിരുന്നു.
അടുത്ത ദിവസമാണ്‌ ജോണിന്റെ മൃതദേഹം കണ്ടെത്തിയത്.

അദ്ദേഹത്തെ കൊണ്ടുപോയ  സെന്റിൻലീസ് ഗോത്ര വിഭാഗത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തെ തുടർന്ന്‌ ദ്വീപിലേക്കുള്ള സന്ദർശകരുടെ വരവ് സർക്കാർ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. വംശനാശ ഭീഷണി നേരിടുന്ന ഗോത്രമാണ് സെന്റിൻലീസ്. 2011 ലെ സെൻസസ് പ്രകാരം 40 ആണ് ഇവരുടെ ജനസംഖ്യ. പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താതെയാണ് ഇവർ ജീവിക്കുന്നത്.