ഏഴു തുടർകൊലപാതകങ്ങൾ; പാപം തീർക്കുന്നത്‌ കാളീമന്ത്രം ചൊല്ലി

ഹരിയാന: ഏഴു തുടർകൊലപാതകങ്ങൾ ചെയ്ത സീരിയൽ കില്ലർ പൊലീസ് പിടിയിലായി. കൊലചെയ്യുന്നതിന് മുമ്പായി കാളീമന്ത്രം ചൊല്ലിയാൽ കൊലപാതകത്തിന്റെ പാപം തീരുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായും ഇത്തരത്തിൽ ഏഴുകൊലപാതകങ്ങൾ പ്രതി ചെയ്തിട്ടുള്ളതായും പൊലീസ് പറയുന്നു. ഹരിയാന സ്വദേശിയായ ജഗ്തർ സിൻഹയാണ് പോലീസ് കസ്റ്റഡിയിലായത്. കൊലപാതകം ചെയ്യുന്നതിന് മുമ്പ് കൊലയുടെ പാപങ്ങൾ ഇല്ലാതാകാൻ ജഗ്തർ 108 തവണ കാളീമന്ത്രം ചൊല്ലും. അതിന് ശേഷം കൊല നടത്തുന്ന രീതിയാണ് പ്രതിയുടേത്. ചെയ്ത കൊലപാതകങ്ങളെല്ലാം മോഷണ ശ്രമങ്ങൾക്കിടെയുണ്ടായതാണെന്നും ഇതുവരെ 600ലധികം മോഷണം നടത്തിയിട്ടുണ്ടെന്നും ജഗ്തർ പറയുന്നു.

ഫരീദാബാദ്, കുരുക്ഷേത്ര, പഞ്ചാബ്, പൾവാൾ എന്നിവിടങ്ങളിൽ കൊലപാതകം നടത്തിയിട്ടുള്ളതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച്ച രാത്രി ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ ഹരിയാന പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെയാണ് 7 കൊലപാതകങ്ങളുടെ കഥ പുറംലോകമറിയുന്നത്.