വഞ്ചിച്ച കാമുകനെ കൊന്ന് ബിരിയാണിയാക്കി; കാമുകിയുടെ പ്രതികാരം ഇങ്ങനെ

അബുദബി: ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ മറ്റൊരു വിവാഹത്തിന് തയ്യാറായ കാമുകനെ വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി യുവതിയുടെ പ്രതികാരം. യു.എ.ഇയിൽ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് ഈ ക്രൂര കൃത്യത്തിന് മുതിർന്നത്. എങ്ങനെയാണ് യുവതി കൊലപാതകം നടത്തിയതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു.

മൂന്ന് മാസങ്ങൾക്ക് മുമ്പാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കാമുകൻ മറ്റൊരു വിവാഹത്തിന് മുതിർന്നതോടെ യുവതി കാമുകനെ കൊല്ലുകയായിരുന്നു. ശേഷം കാമുകന്റെ ശരീരം വെട്ടിനുറുക്കി ബ്ലെൻഡറുപയോഗിച്ച് ഇറച്ചിക്ക് പാകമാക്കുകയായിരുന്നു. ശേഷം ബിരിയാണിയിൽ ചേർത്ത് വീട്ടുജോലിക്കാർക്ക് തന്നെ വിളമ്പി. മനുഷ്യമാംസമാണെന്നറിയാതെ അവരത് കഴിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം യുവാവിനെ അന്വേഷിച്ച് സഹോദരൻ യുവതിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹോദരൻ പൊലീസിൽ പരാതിപെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്ന് കാമുകന്റെ പല്ല് കണ്ടെത്തിയിരുന്നു. ഡി.എൻ.എ ടെസ്റ്റിലൂടെ അത് യുവാവിന്റേതാണെന്ന് ഉറപ്പായതോടെയാണ് കൊലപാതക വാർത്ത പുറത്തറിയുന്നത്.