ജമ്മു കശ്മീരിൽ രാഷ്ട്രീയ നാടകം: ഗവർണർ നിയമസഭ പിരിച്ചുവിട്ടു

ശ്രീനഗർ: മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ മെഹബൂബ മുഫ്തി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടു.ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അസാധാരണ രാഷ്ട്രീയ നീക്കത്തിനാണ് ജമ്മുകശ്മീർ സാക്ഷിയായത്.

രണ്ട് നാമനിർദേശ അംഗങ്ങൾ അടക്കം 89 പ്രതിനിധികളുള്ള ജമ്മു കശ്മീർ നിയമസഭയിൽ പി.ഡി.പിക്ക് 28 അംഗങ്ങളാണുള്ളത്. നാഷണൽ കോൺഫറൻസ്-15, കോൺഗ്രസ്- 12, ജെ.കെ.പി.സി-2, സി.പി.എം, ജെ.കെ.പി.ഡി.എഫ് എന്നിവർക്ക് ഒന്ന് വീതം, മൂന്ന് സ്വതന്ത്രർ എന്നിവരാണ് മറ്റ് അംഗങ്ങൾ. പി.ഡി.പിയുടെ 28ഉം നാഷണൽ കോൺഫറൻസിൻറെ 15ഉം കോൺഗ്രസിൻറെ 12ഉം അംഗങ്ങൾ യോജിച്ചാൽ 87 അംഗ നിയമസഭയിൽ ഭൂരിപക്ഷമായ 44 തികക്കാൻ കഴിയുമായിരുന്നു.

ബി.ജെ.പിക്കെതിരെ പിഡിപി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് പാർട്ടികൾ കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ ധാരണയായിരുന്നു. പിഡിപിയുടെ അൽത്താഫ് ബുക്കാരിയെ മുഖ്യമന്ത്രിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പിന്തുണക്കുന്ന എം.എൽ.എമാരുടെ വിവരങ്ങൾ അടങ്ങിയ ഫാക്‌സ് ഗവർണർക്ക് അയക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് മുഫ്തി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിയമസഭ ഗവർണർ പിരിച്ചുവിട്ടത്.

ബദ്ധവൈരികളായ പിഡിപിയും നാഷണൽ കോൺഫറൻസും കോൺഗ്രസ് സഹകരണത്തോടെ അധികാരത്തിലെത്തുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമായിരുന്നു. അടുത്ത മാസം രാഷ്ട്രപതി ഭരണത്തിൻറെ കാലാവധി പൂർത്തിയാകാൻ ഇരിക്കെയാണ് രാഷ്ട്രീയ നീക്കം ശക്തിപ്പെട്ടത്. 25 അംഗങ്ങളുള്ള ബി.ജെ.പി പിന്തുണ പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ ജൂൺ 19നാണ് മെഹ്ബൂബ മുഫ്തി സർക്കാർ രാജിവെച്ചത്.