യു.എ.ഇ.എക്സ്ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ. എക്സ്ചേഞ്ചും ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് അന്തരിച്ച പത്രപ്രവർത്തകൻ പി.വി.വിവേകാനന്ദന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മാധ്യമ വ്യക്തിത്വ പുരസ്കാരത്തിന് മലയാള പ്രസ്സ് അക്കാദമി മുൻ അധ്യക്ഷൻ തോമസ് ജേക്കബ് അർഹനായി.മലയാള മനോരമയിലെ 56 വർഷത്തെ സുദീർഘ സേവനത്തിനു ശേഷം എഡിറ്റോറിയൽ ഡയറക്ടർ പദവിയിൽ നിന്ന് 2017 ലാണ് അദ്ദേഹം വിരമിച്ചത്. അന്തരിച്ച മാധ്യമ  പ്രവര്ർത്തകന്ർ  വി.എം.സതീഷിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ,ഗൾഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യൻ പത്ര പ്രവർത്തകനുള്ള പുരസ്‌കാരത്തിന് ഗൾഫ് ന്യൂസ് സീനിയർ റിപ്പോർട്ടർ ബിൻസാൽ അബ്ദുൽ ഖാദറും  മികച്ച റേഡിയോ ജേർണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് റേഡിയോയിലെ സീനിയർ ബ്രോഡ്‌കാസ്റ്റ് ജേർണലിസ്റ്റ് ജസിത സംജിതും തെരഞ്ഞെടുക്കപ്പെട്ടു.

ഗൾഫിലെ മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള പതിനേഴാമത് യു.എ.ഇ.എക്സ്ചേഞ്ച് – ചിരന്തന മാധ്യമ പുരസ്‌കാരങ്ങളിൽ അച്ചടി മാധ്യമരംഗത്തെ മികവിന് മാതൃഭൂമിയിൽ 32 വർഷത്തെ സേവനപാരമ്പര്യമുള്ള, ഇപ്പോൾ ഗൾഫിലെ മാതൃഭൂമി മാധ്യമങ്ങളുടെ വാർത്താവിഭാഗം തലവനായി പ്രവർത്തിക്കുന്ന പി.പി.ശശീന്ദ്രനും ടെലിവിഷൻ ജേർണലിസത്തിൽ മീഡിയ വൺ ചീഫ് ബ്രോഡ്‌കാസ്റ്റ് ജേർണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനും ഓൺലൈൻ ജേർണലിസത്തിൽ ഏഷ്യാവിഷൻ പോർട്ടലുകളായ ദുബായ് വാർത്ത ഡോട്ട് കോം, ഒമാൻ മലയാളം ഓൺലൈൻ റേഡിയോ, ബഹ്റൈൻവാർത്ത ഡോട്ട് കോം എന്നിവയുടെ ചീഫ് എഡിറ്റർ നിസ്സാർ സെയ്ദും പുരസ്‌കാരങ്ങൾ നേടി.ഗൾഫ് ടുഡേ പത്രത്തിലെ ഫോട്ടോഗ്രാഫർ കമാൽ കാസിം മികച്ച ഫോട്ടോ ജേർണലിസ്റ്റായും എൻ.ടി.വി.യിലെ ക്യാമറാമാൻ അലക്സ് തോമസ് മികച്ച വീഡിയോ ജേർണലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടു.യുഎഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ, കമ്മ്യൂണിറ്റി ഔട്ട് റീച്ച് മാനേജർ വിനോദ് നമ്പ്യാർ, ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി എന്നിവർ ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

പത്ര പ്രവർത്തനത്തിന് ജനകീയ മുഖം നൽകുന്നതിനും അധ്യാപനത്തിലൂടെ പുതു മാധ്യമ പ്രവർത്തകരെ വളർത്തിയെടുക്കുന്നതിനും അർപ്പിച്ച സുദീർഘ സേവനങ്ങളാണ് തോമസ് ജേക്കബിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. തങ്ങൾ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ ജീവത് പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാര ഹേതുവാകുകയും ചെയ്തതാണ് ഗൾഫ് മാധ്യമ പ്രവർത്തകരുടെ പുരസ്‌കാര നേട്ടത്തിന് പരിഗണനയായതെന്നും ജൂറി വിശദീകരിച്ചു. ഗൾഫിലെ മാധ്യമ രംഗത്ത് മലയാളത്തിന്റെ യശസ്സുയർത്തി അകാലത്തിൽ പൊലിഞ്ഞുപോയ പിവി വിവേകാനന്ദ്, വി.എം.സതീഷ്, രാജീവ് ചെറായി എന്നിവരുടെ സംഭാവനകളെ അനുസ്മരിക്കുന്നതിനും ഡിസംബർ 6 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഷാർജ അൽ റയാൻ ഹോട്ടലിൽ നടക്കുന്ന പുരസ്‌കാര സമർപ്പണ സംഗമം ഉതകുമെന്ന് സംഘാടകർ പറഞ്ഞു. 38 വർഷത്തെ സുദീർഘ പരിചയ സമ്പത്തുള്ള ഖലീജ് ടൈംസ് ബിസിനസ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ബഹ്‌റൈനിൽ മലയാള മാധ്യമങ്ങളുടെ സ്ഥാപനത്തിനും വിജയത്തിനും നേതൃത്വം നല്കിയ, 4 പിഎം ന്യൂസ്, ദി ഡെയിലി ട്രിബ്യുൺ, വീകെൻഡർ എന്നിവയുടെ ചെയർമാൻ ഉണ്ണികൃഷ്ണൻ പുറവങ്കര, ഗൾഫ് ന്യൂസിൽ 36 വർഷം പൂർത്തിയാക്കിയ സീനിയർ ഫോട്ടോഗ്രാഫർ എം.കെ. അബ്‌ദുറഹ്‌മാൻ എന്നിവരെയും ചടങ്ങിൽ ആദരിക്കും.

പിവി വിവേകാനന്ദ് അതിവിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും മറ്റു അവാർഡ് ജേതാക്കൾക്ക് കാൽ ലക്ഷം രൂപ വീതം യുഎഇ എക്സ്ചേഞ്ച് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും സമ്മാനിക്കും.പുരസ്കാരദാന ചടങ്ങിൽ യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ.സുധീർകുമാർ ഷെട്ടി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.ചിരന്തന ട്രഷറർ ടി.പി. അഷ്‌റഫ്, വൈസ് പ്രസിഡണ്ടുന്മാരായ ,സി.പി.ജലീൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.