പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ലെന്ന് പൊലീസ്; മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ്പി

പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞതില്‍ വിശദീകരണവുമായി പൊലീസ്.മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നും വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞതെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് വാഹനം പരിശോധിച്ചതെന്നും മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ്പി വ്യക്തമാക്കി.പമ്പ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപമാണ്  കഴിഞ്ഞ ദിവസം പോലീസ് വാഹനം തടഞ്ഞത്.വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണ് തടഞ്ഞത്.വാഹനത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആളുണ്ടെന്ന് സംശയം തോന്നിയിരുന്നു.ഈ വാഹനത്തിലുള്ളവര്‍ പിന്നീടു മന്ത്രിയെ വിളിച്ചുവരുത്തി എന്താണു സംഭവിച്ചതെന്നു മന്ത്രിയെ ബോധ്യപ്പെടുത്തി.കാറില്‍ സംശയിച്ചയാള്‍ ഇല്ലെന്ന് എഴുതി നല്‍കിയതായും പൊലീസ് അറിയിച്ചു.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞെന്നായിരുന്നു വാർത്ത. പ്രതിഷേധക്കാരുടെ വാഹനമെന്ന് കരുതിയാണു നടപടിയെടുത്തതെന്നും അബദ്ധം മനസ്സിലാക്കിയ പൊലീസ് മന്ത്രിയോടു പിന്നീടു മാപ്പ് എഴുതിനല്‍കിയെന്നും വിവരമുണ്ടായിരുന്നു. പൊലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്നു വാര്‍ത്ത പരന്നതിനാലാണു വിശദീകരണമെന്നും പൊലീസ് വ്യക്തമാക്കി.